കൊച്ചി: ഭാര്യയാണെങ്കിൽ പോലും 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായുള്ള ശാരീരിക ബന്ധം പോക്‌സോ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് ഹൈകോടതി. 18 വയസ്സിൽ താഴെയുള്ള ഏത് വ്യക്തിയും നിയമപരമായി കുട്ടിയായതിനാൽ ഭാര്യയായാലും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ച പെൺകുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത പോക്‌സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27-കാരൻ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും മുസ്ലിം വ്യക്തിനിയമ പ്രകാരം നടന്ന വിവാഹമായതിനാൽ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ മുസ്ലിം മതാചാരപ്രകാരം വിവാഹം കഴിച്ചാലും കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകുന്നില്ലെന്നും ഹരജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായത് പ്രഥമദൃഷ്ട്യാ കുറ്റകൃത്യമാണെന്നും വ്യക്തമാക്കിക്കൊണ്ട് സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് പോക്‌സോ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും, 15-നും 18-നും ഇടയിൽ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധത്തിൽ ബലാത്സംഗക്കേസ് നിലനിൽക്കില്ലെന്ന പഴയ ഇളവ് 2017-ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അനുവദിക്കാനാകില്ലെന്നും കോടതി എടുത്തുപറഞ്ഞു.



