കരിപ്പൂർ: എട്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ഡയപ്പറിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) പിടികൂടി. റാസൽഖൈമയിൽ നിന്നെത്തിയ യാത്രികനായ പിതാവാണ് കുട്ടിയെ മറയാക്കി സ്വർണക്കടത്തിന് ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ വിമാനത്താവളത്തിലെത്തിയ ഇവരെ ഡി.ആർ.ഐ സംഘം തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കരിപ്പൂർ വഴിയുള്ള ഈ സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരം ഡി.ആർ.ഐക്ക് ലഭിക്കുന്നത്. തുടർന്ന് റാസൽഖൈമയിൽ നിന്ന് വിമാനമിറങ്ങിയ യാത്രക്കാരനെയും കുഞ്ഞിനെയും ഉദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് പിതാവിന്റെ ദേഹത്തുനിന്നും എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ നിന്നുമായി മിശ്രിത രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



