യു.എസിലെ ഗ്രാൻഡ് കാന്യനിൽ മിന്നൽ പ്രളയം: ഇരുപതിലധികം സഞ്ചാരികളെ കാണാതായി; വ്യാപക നാശനഷ്ടം

വാഷിങ്ടൺ: യു.എസിലെ വിഖ്യാതമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിലുണ്ടായ പെട്ടെന്നുള്ള മിന്നൽ പ്രളയത്തിൽ ഇരുപതിലധികം വിനോദസഞ്ചാരികളെ കാണാതായി. പ്രളയത്തിൽ പ്രദേശത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വലിയ പാറകളും ലോഹ നിർമ്മിതികളും മറ്റ് അവശിഷ്ടങ്ങളും കൊളറാഡോ നദിയിലേക്ക് ഒലിച്ചുപോയതായി നാഷണൽ പാർക്ക് സർവീസ് അറിയിച്ചു. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികൾ സാഹസിക യാത്രകൾക്കായി എത്തുന്ന ഇവിടെ ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിലാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്.

തീവ്രമായ മലവെള്ളപ്പാച്ചിലിൽ പ്രദേശത്തെ റോഡുകളും പാലങ്ങളും തകർന്ന് ഒലിച്ചുപോയിട്ടുണ്ട്. ദുരന്തസമയത്ത് അമ്പതിലധികം കാനനയാത്രക്കാർ (ഹൈക്കർമാർ) പാർക്കിൽ ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ശക്തമായ മഴ പെയ്യുമ്പോൾ താൻ ബ്രൈറ്റ് ഏഞ്ചൽ ക്യാമ്പ് ഗ്രൗണ്ടിലായിരുന്നുവെന്നും, താനും ഒപ്പമുണ്ടായിരുന്ന അമ്പതോളം ഹൈക്കർമാരും തോടിലെ ജലനിരപ്പ് കുത്തനെ ഉയരുന്നതും ബങ്ക്ഹൗസ് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ ഒലിച്ചുപോകുന്നതും കണ്ടതായി രക്ഷപ്പെട്ട എറിക്ക വയോള പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ദുരന്തത്തിന് പിന്നാലെ പ്രദേശത്തുനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം തിങ്കളാഴ്ച വരെ മേഖലയിൽ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഇത് വീണ്ടും മിന്നൽ പ്രളയത്തിനും പാറവീഴ്ചകൾക്കും വഴിതെളിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ബ്രൈറ്റ് ഏഞ്ചൽ ക്യാമ്പ് ഗ്രൗണ്ട്, ഫാന്റം റാഞ്ച്, നോർത്ത് കൈബാബ് ട്രയൽ തുടങ്ങിയ പ്രദേശങ്ങൾ അടയ്ക്കുകയും കൊളറാഡോ നദിയിലെ റാഫ്റ്റിങ് വിനോദങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles