നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി ജനങ്ങളുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’: പാർട്ടിയിലെ അഹങ്കാരവും അഴിമതിയും തിരിച്ചടിയായെന്ന് തോമസ് ഐസക്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിനുണ്ടായ കനത്ത തിരിച്ചടി ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ആണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ടി.എം. തോമസ് ഐസക്. പത്തു വർഷത്തെ ഭരണത്തിനിടെ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനവികാരം കണക്കിലെടുത്തില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആലപ്പുഴയിൽ പാർട്ടി ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പാർട്ടി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ നൽകിയ വിശദീകരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് തോമസ് ഐസക് സ്വീകരിച്ചിരിക്കുന്നത്.

സഹകരണ ബാങ്കുകളിലെ അഴിമതി ആരോപണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് തോമസ് ഐസക് വ്യക്തമാക്കി. ജനങ്ങൾക്ക് മുന്നിൽ പാർട്ടി വിനയത്തോടെ നിൽക്കണമെന്നും അവർ പറയുന്നത് കേൾക്കാൻ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആരെയെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ അത് തങ്ങൾക്ക് സൗകര്യമാണെന്ന നിലപാട് ശരിയല്ല. തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന സി.പി.ഐ.എം – ബി.ജെ.പി ഡീൽ ആരോപണം ജനങ്ങൾ വിശ്വസിച്ചെന്നും അത് കൃത്യമായി പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയിലെ ചില നേതാക്കളുടെ പ്രസ്താവനകൾ ഈ ആരോപണത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പാർട്ടിയെ ജനങ്ങൾ പൂകമായി എഴുതിത്തള്ളിയിട്ടില്ലെന്നും ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. ആവശ്യമായ തിരുത്തലുകളിലൂടെ പാർട്ടി മാറിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടനടി നടപടിയുണ്ടാകണം. കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഈ തുറന്ന പറച്ചിൽ സി.പി.ഐ.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles