ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി: അമ്മായിയമ്മയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറി മരുമകന്റെ പ്രതികാരം

കണ്ണൂർ: ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതിന്റെ പക വീട്ടാൻ അമ്മായിയമ്മയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറി മരുമകൻ. കണ്ണൂർ അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശി ദീപക് കാക്കാമണിക്ക് (46) എതിരെയാണ് പെരിന്തട്ട സ്വദേശിനി ലീന സുകുമാരന്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തത്. ഓഫീസിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ലീനയുടെ കാറിന്റെ ടയറുകളാണ് പ്രതി കത്തി ഉപയോഗിച്ച് കുത്തിക്കീറി നശിപ്പിച്ചത്.

അക്രമത്തിന് ശേഷം മുഖം മൂടുന്ന രീതിയിൽ മഞ്ഞ റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച് ഒരാൾ സ്ഥലംവിടുന്നത് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും സി.സി.ടി.വി പരിശോധനയിലുമാണ് പ്രതി ദീപക്കാണെന്ന് തിരിച്ചറിഞ്ഞത്. കാറിന് ഇരുപതിനായിരം രൂപയോളം നാശനഷ്ടം സംഭവിച്ചതായി ഉടമ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles