തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക-ക്രമക്കേട് വിവാദങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. പദ്ധതിയുടെ ആദ്യഘട്ടം മുതലുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും നടപടിക്രമങ്ങളും ഒൻപത് പ്രധാന വിഷയങ്ങളിലൂന്നി സംഘം വിശദമായി പരിശോധിക്കും. അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് ക്രിമിനൽ വകുപ്പുകൾ പ്രകാരമോ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്ത നടപടിക്രമങ്ങളും, ‘ഗോട്ട്ആഡ്’ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കാളിത്തവുമാണ് ആദ്യഘട്ടത്തിൽ സംഘം അന്വേഷിക്കുക. ഏതെങ്കിലും സ്വകാര്യ കമ്പനികൾക്ക് വഴിവിട്ട സാമ്പത്തിക നേട്ടമുണ്ടാക്കി നൽകിയിട്ടുണ്ടോ എന്നും, തന്മൂലം സർക്കാരിനോ പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും വിലയിരുത്തും. പദ്ധതിക്ക് ലഭിച്ച ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക കൈമാറ്റങ്ങൾ, പൊതുസ്വത്തുക്കൾ സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ ഇടയായ സാഹചര്യവും അതിനായി നൽകിയ പ്രത്യേക അനുമതികളും ഇളവുകളും അന്വേഷണ പരിധിയിൽ വരും.
ഇതിനുപുറമെ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശയാത്രകൾ, ചർച്ചകൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും (AFA) ഫുട്ബോൾ ഓസ്ട്രേലിയയുമായും സ്വകാര്യ കമ്പനി കരാറിലെത്തിയതിൽ സർക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും പങ്ക് എന്നിവയും പരിശോധിക്കും. മത്സരത്തിനായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകിയതും അവിടെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും അതിനായുള്ള ചെലവുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ടാകും. കേസിൽ ഉൾപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവരുടെ കൃത്യമായ ഉത്തരവാദിത്തം നിർണ്ണയിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.



