ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ ഗണേശ പന്തലിനും ക്ഷേത്രത്തിനും സമീപം പ്രവർത്തിക്കുന്ന മുസ്‌ലിം ഉടമസ്ഥതയിലുള്ള മാംസക്കടയ്‌ക്കെതിരെ ബജ്‌റങ്‌ദൾ പ്രവർത്തകരുടെ കടുത്ത ഭീഷണി. കട മൂന്ന് ദിവസത്തിനകം ഒഴിപ്പിച്ചില്ലെങ്കിൽ തങ്ങൾ നേരിട്ട് നടപടിയെടുക്കുമെന്നാണ് ഇവർ നൽകിയിരിക്കുന്ന അന്ത്യശാസനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശത്ത് വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും വഴിതുറന്നിട്ടുണ്ട്.
പ്രായമായ ഒരു മുസ്‌ലിം വ്യക്തിയാണ് വർഷങ്ങളായി ഈ കട നടത്തിവരുന്നത്. പെട്ടെന്ന് കടയൊഴിയാൻ ആവശ്യപ്പെട്ടാൽ തനിക്കുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, ഭീഷണി മുഴക്കിയ പ്രവർത്തകർ അത് വകവെക്കാൻ തയ്യാറായില്ല. “നിങ്ങൾക്ക് മൂന്ന് ദിവസത്തെ സമയമുണ്ട്; ഭരണകൂടം ഇടപെട്ടില്ലെങ്കിൽ ഞങ്ങൾ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം” എന്ന് ബജ്‌റങ്‌ദൾ പ്രവർത്തകൻ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. ക്ഷേത്രത്തിൽ നിന്നും ഗണേശോത്സവ പന്തലിൽ നിന്നും 50 മീറ്റർ ചുറ്റളവിലാണ് മാംസക്കട പ്രവർത്തിക്കുന്നതെന്നും, ക്ഷേത്രപരിസരത്ത് മുട്ടക്കട പോലുമില്ലാത്ത സാഹചര്യത്തിൽ ചിക്കൻ-മട്ടൻ കട അനുവദിക്കില്ലെന്നുമാണ് സംഘടനയുടെ വാദം.
അതേസമയം, കടയ്ക്ക് ആവശ്യമായ ലൈസൻസ് ഇല്ലെന്നാണ് ബജ്‌റങ്‌ദൾ അവകാശപ്പെടുന്നത്. വിഷയം പ്രാദേശിക ഭരണകൂടത്തെയും പോലീസിനെയും അറിയിച്ചിട്ടുണ്ടെന്നും, നടപടിയുണ്ടായില്ലെങ്കിൽ തങ്ങൾ തന്നെ കട ഒഴിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ ഉത്സവ സീസണിൽ ഉയർന്ന ഇത്തരം പരസ്യ ഭീഷണികൾ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്കും സംഘർഷാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ക്രമസമാധാന നില ഉറപ്പാക്കാൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



