കോഴിക്കോട്: പുതുയുഗ കേരളത്തിന് പുതിയ വികസന സാധ്യതകൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIM) സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ദ്വിദിന ‘റീ ഇമാജിനിങ് കേരളം’ നേതൃശിബിരം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുഴുവൻ മന്ത്രിമാരും സജീവമായി പങ്കെടുത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യ-ക്ഷേമ മേഖലകൾ, കാലാവസ്ഥാ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ പുതിയ ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന ആശയങ്ങൾ സംഗമത്തിൽ വിശദമായി ചർച്ച ചെയ്തു.
ഭരണസംവിധാനത്തെ കൂടുതൽ ഫലപ്രദവും ജനകേന്ദ്രീകൃതവും ഭാവി അധിഷ്ഠിതവുമാക്കുന്ന രീതിയിൽ ശക്തിപ്പെടുത്താനുള്ള ആശയവിനിമയത്തിന് ശില്പശാല വേദിയായി. സമാപന ദിവസമായ ശനിയാഴ്ച സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തമാക്കൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തെ മികവിന്റെ കേന്ദ്രമാക്കൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ എന്നീ വിഷയങ്ങളിലാണ് വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചത്. പ്രൊഫ. ദീപ സേതി, പ്രൊഫ. പ്രിയ നായർ രാജീവ്, പ്രൊഫ. മൃദുൽ കെ. സഗ്ഗർ, പ്രൊഫ. വിപിൻ പി. വീറ്റിൽ, പ്രൊഫ. അശുതോഷ് സർക്കാർ, പ്രൊഫ. നൈസിൽ ജോർജ്, ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി തുടങ്ങി പ്രമുഖർ വിവിധ വിഷയങ്ങളിൽ ആശയങ്ങൾ അവതരിപ്പിച്ചു.
ചർച്ചകൾക്ക് പുറമേ, ക്യാമ്പസിലെ അർജുനപഥിൽ മന്ത്രിസഭാംഗങ്ങളുടെ പ്രത്യേക ഫോട്ടോ സെഷനും നടന്നു. തുടർന്ന് ക്യാമ്പസ് വളപ്പിൽ മുഖ്യമന്ത്രി അശോക വൃക്ഷത്തൈ നടുകയും, ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിക്കകത്തെ പരമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറി മന്ത്രിമാർ സന്ദർശിക്കുകയും ചെയ്തു. ശില്പശാലയുടെ പൂർത്തീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കും ഐ.ഐ.എം ഡയറക്ടർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



