തൃശൂരിൽ വീണ്ടും വാഹനാപകടം: റോഡരികിൽ നിർത്തിയിട്ട ബൈക്കിലേക്ക് കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ദുരന്തത്തിന്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും ദാരുണമായ വാഹനാപകടം. റോഡരികിൽ നിർത്തിയിട്ട ബൈക്കിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂന്ന് വയസ്സുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ചാവക്കാട് ഇടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്‌ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് ജീവനറ്റത്.

വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം കുന്നംകുളം ഭാഗത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. വഴിമധ്യേ ഫോൺ കോൾ വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാർ വന്ന് ഇടിച്ചത്. ഇടിയുടെ കടുത്ത ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് സമീപത്തെ ട്രാൻസ്ഫോർമർ തകരുകയും വൈദ്യുതി കമ്പികൾ പൊട്ടിവീഴുകയും ചെയ്തത് പ്രദേശത്ത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കയ്പമംഗലത്ത് ദേശീയപാതയോരത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് വിനോദയാത്രയ്ക്ക് പോയ തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചത്.

Related Articles

- Advertisement -spot_img

Latest Articles