കോഴിക്കോട്: വിദേശ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട് കാരന്തൂർ മർകസിലെത്തി. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്‌സലൻസ് അവാർഡ്’ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
ചടങ്ങിൽ പങ്കെടുക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുതിർന്ന നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും മർകസിലെത്തിയിട്ടുണ്ട്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇരു നേതാക്കളും എത്തിയത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഒരു ഔദ്യോഗിക പരിപാടിക്കായി ആദ്യമായാണ് മർകസ് കാമ്പസിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മർകസ് ഡയറക്ടറും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്ററുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികളെ ചടങ്ങിലേക്ക് സ്വീകരിച്ചു. അവാർഡ് ദാന ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മാത്രമായിരിക്കും പ്രസംഗിക്കുക. മലേഷ്യൻ പ്രധാനമന്ത്രിയുടെ ചരിത്രപ്രധാനമായ ഈ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോടും കാരന്തൂർ മേഖലയിലും പോലീസിന്റെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.



