തിരുവനന്തപുരം : ആറുവരി ദേശീയപാതയുടെ പൂർത്തിയായ ഭാഗങ്ങളിൽ സ്റ്റേജ് കാരിയേജ് ബസുകൾ സർവീസ് നടത്തുന്നതിനെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പല ഭാഗങ്ങളും ഗതാഗതത്തിനായി തുറന്നുകൊടുത്തതിന് പിന്നാലെ ആറുവരി പാതകളിൽ ബസുകൾ സർവീസ് നടത്തുന്നതായും യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും വ്യാപക പരാതികളാണ് ഉയരുന്നത്.
സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാർ ഹൈവേയിൽ ഇറങ്ങേണ്ടി വരുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. കിലോമീറ്ററുകളോളം നടക്കാനും കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കാനും ഇത് കാരണമാകുന്നുണ്ട്.
പുതിയ ആറുവരിപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുമതിയില്ലെന്നും ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്റ്റേജ് കാരിയേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.



