തെരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ തിരുത്തൽ നടപടികൾ; വിപുലീകൃത സംസ്ഥാന കമ്മിറ്റി ഭരണഘടനാപരമെന്ന് എം.വി. ഗോവിന്ദൻ

കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സമിതികൾ മുന്നോട്ടുവെച്ച വിമർശനങ്ങൾ ഉൾക്കൊണ്ടും തിരുത്തൽ നടപടികൾ ഉറപ്പാക്കിയുമാണ് പാർട്ടി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇടതുപക്ഷ ശക്തികളെ ദുർബലപ്പെടുത്തി വലതുപക്ഷ രാഷ്ട്രീയത്തിന് മേൽക്കൈ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള വിപുലമായ ചർച്ചകളാണ് പാർട്ടിയിൽ നടക്കുന്നത്. സംഘടനാപരമായ പോരായ്മകളും പാർട്ടിയിലുണ്ടായ തെറ്റായ പ്രവണതകളും തിരുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രാദേശിക തലത്തിൽ ഉയർന്നു വരുന്ന പ്രശ്നങ്ങളിൽ ബോധപൂർവ്വമായ ഇടപെടലുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പ്രാദേശിക വിഷയങ്ങൾ സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചേർന്നുകൊണ്ടിരിക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് മാധ്യമങ്ങളിൽ നടക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഉൾപ്പാർട്ടി ചർച്ചകൾക്ക് ഭരണഘടനയിൽ കൃത്യമായ വ്യവസ്ഥയുള്ളതിനാൽ വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് പൂർണ്ണ ഭരണഘടനാ സാധുതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പിണറായി വിജയനെതിരായ ഇ.ഡി നീക്കം സി.പി.എമ്മിനെതിരായ രാഷ്ട്രീയ കടന്നാക്രമണമാണെന്ന് എല്ലാവർക്കും ബോധ്യമുള്ളതിനാൽ ഇത് സംബന്ധിച്ച് പ്രത്യേക പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിഷയം എം.എ. ബേബി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ആദ്യം അറിയിച്ചെങ്കിലും, പ്രസംഗത്തിൽ പരാമർശമില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയതോടെ എം.വി. ഗോവിന്ദൻ പ്രസ്താവന തിരുത്തുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles