സൗദിയിൽ നാല് വിദേശികളുടെ വധശിക്ഷ നടപ്പാക്കി: കൊലപാതക കേസിലും ലഹരിമരുന്ന് കടത്തിലും നടപടി

ജിദ്ദ: മക്ക, അസീർ മേഖലകളിൽ രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലായി നാല് വിദേശികളുടെ വധശിക്ഷ സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. കൊലപാതക കേസിൽ മ്യാന്മർ പൗരന്റെയും, രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് എത്യോപ്യൻ സ്വദേശികളുടെയും ശിക്ഷയാണ് നടപ്പാക്കിയത്.

മക്ക മേഖലയിൽ പാകിസ്താൻ പൗരനായ അബ്ദുൽ ഹമീദ് സുലൈമാൻ അബ്ദുൽ റഷീദിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ മ്യാന്മർ പൗരനായ യാസീൻ മുഹമ്മദ് റമദാൻ അബുൽ ഹുസൈന്റെ വിധി നടപ്പിലാക്കി. സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൃത്യമായ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കപ്പെടുകയായിരുന്നു. രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്നും നിരപരാധികളുടെ ജീവന് ഭീഷണിയാകുന്നവർക്ക് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കഠിന ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മറ്റൊരു കേസിൽ, സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കള്ളക്കടത്ത് നടത്താൻ ശ്രമിക്കവെയാണ് മൂന്ന് എത്യോപ്യൻ പൗരന്മാർ അസീർ പ്രവിശ്യയിൽ പിടിയിലായത്. ഹഫ്‌ലോം തഗ്ലായ് മസ്ഗ്ബു ഖുറ അറഖ്വി, ഹീലപേം കെദാനെ ഖബ്ര സലാസി അബർ, ഹഫ്തം ഖ്വൈതം ഗിഷി ഹദ്ഖു എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക വിചാരണക്കോടതി വിധി പ്രസ്താവിച്ച ഇരു കേസുകളിലും, അപ്പീൽ കോടതിയും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചതിനെ തുടർന്ന് രാജകീയ ഉത്തരവിലൂടെയാണ് ശിക്ഷകൾ നടപ്പിലാക്കിയത്.

Related Articles

- Advertisement -spot_img

Latest Articles