ജിദ്ദ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ 4 പ്രവർത്തനം തുടങ്ങി; വിദേശ വിമാന സർവീസുകൾ ഘട്ടംഘട്ടമായി മാറ്റുന്നു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു. ഹജ്ജ്, ഉംറ തീർത്ഥാടകർ ഉൾപ്പെടെ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഘട്ടംഘട്ടമായുള്ള പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചത്. 97,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനലിന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഹജ്ജ്, ഉംറ സംഘങ്ങൾക്ക് ഗ്രൂപ്പ് ചെക്ക്-ഇൻ നടത്തുന്നതിനായി പ്രത്യേക സംവിധാനങ്ങളും ആധുനിക സാങ്കേതിക സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ആദ്യഘട്ടമായി വിസ് എയർ, എജെറ്റ്, സലാം എയർ എന്നീ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് ഫ്ലൈ ജിന്ന, നെസ്മ എയർലൈൻസ്, ആകാശ എയർ, സിറിയൻ എയർ, പെഗസസ് എയർലൈൻസ്, അസർബൈജാൻ എയർലൈൻസ്, ടുണിസെയർ തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളും ഒക്ടോബർ ആദ്യവാരത്തോടെ ടെർമിനൽ 4ലേക്ക് മാറ്റും. നിലവിൽ നോർത്ത് ടെർമിനലിൽ നിന്ന് സർവീസ് നടത്തുന്ന വിമാന സർവീസുകളെ ഘട്ടംഘട്ടമായി പുതിയ ടെർമിനലിലേക്ക് പുനഃക്രമീകരിക്കാനാണ് പദ്ധതി.

2025ൽ 5.34 കോടി യാത്രക്കാരുമായി വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവർഷ യാത്രാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. സൗദി വിഷൻ 2030ന്റെ ഭാഗമായി വാർഷിക യാത്രാശേഷി 9 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. സർവീസുകളിൽ ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിനാൽ, ജിദ്ദയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയോ വിമാനത്താവള വെബ്‌സൈറ്റിലൂടെയോ തങ്ങളുടെ പുറപ്പെടൽ ടെർമിനൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles