അബൂദബി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാനുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ – ഇസ്രായേൽ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തതായി യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വർദ്ധിപ്പിക്കുന്നതോടൊപ്പം പശ്ചിമേഷ്യൻ മേഖല നേരിടുന്ന സുരക്ഷാ സങ്കീർണ്ണതകളും മറ്റ് പ്രധാന സമാധാന വെല്ലുവിളികളും ചർച്ചയായതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് ഭാര്യയോടൊപ്പം നെതന്യാഹു യു.എ.ഇയിലെത്തിയത്. 2020 സെപ്റ്റംബറിലാണ് യു.എസ് മധ്യസ്ഥതയിൽ ചരിത്രപരമായ ‘അബ്രഹാം കരാറിൽ’ ഒപ്പുവെച്ച് ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയത്. നയതന്ത്ര ബന്ധം തുടരുമ്പോഴും, ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെയും ആക്രമണങ്ങളെയും യു.എ.ഇ കടുത്ത ഭാഷയിൽ അപലപിക്കുകയും ഫലസ്തീനികൾക്കായി വലിയ തോതിൽ മാനുഷിക-സാമ്പത്തിക സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്.
അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ നിർബന്ധിതമായി കൂട്ടിച്ചേർക്കാനുള്ള ഇസ്രായേൽ നീക്കങ്ങൾ അബ്രഹാം കരാറിന്റെ അടിസ്ഥാന തത്വങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും തിരിച്ചടിയാകുമെന്ന് മുൻപ് തന്നെ യു.എ.ഇ മുന്നറിയിപ്പ് നൽകിയിരുന്നു.



