തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുന്നേറ്റം; സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയും പിടിച്ചെടുത്തും ലീഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വ്യക്തമായ മുന്നേറ്റവുമായി യു.ഡി.എഫ്. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ 18-ലധികം വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയത്തിലേക്ക് കുതിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ നാലിടത്തും വിജയം നേടാനായത് യു.ഡി.എഫിന് മികച്ച നേട്ടമായി. അടൂർ എം.എൽ.എയായിരുന്ന ശാന്തകുമാർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന അരുവാപ്പുലം വാർഡിൽ കോൺഗ്രസിന്റെ അനിലാ സുരേഷ് വിജയം നിലനിർത്തി.

അതേസമയം ചില പ്രധാന വാർഡുകളിൽ അട്ടിമറി വിജയങ്ങളും പിടിച്ചെടുക്കലുകളും നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലെ പെരളശ്ശേരി ബാവോട് ഈസ്റ്റ് വാർഡ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു; 65 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ കെ.വി. രതീഷ് ജയിച്ചത്. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ സി.പി.എമ്മിലെ എ.കെ. സുരേഷ് കുമാർ 276 വോട്ടുകൾക്ക് വിജയിച്ച് സിറ്റിംഗ് സീറ്റ് നിലനിർത്തി. മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തതോടെ ഭരണസമിതിയിൽ എൽ.ഡി.എഫിന് കേവലഭൂരിപക്ഷം ലഭിച്ചു.

തൃശ്ശൂർ ചേലക്കരയിൽ എൽ.ഡി.എഫിന്റെ കയ്യിൽ നിന്നും 16-ാം വാർഡ് പിടിച്ചെടുത്ത് യു.ഡി.എഫ് അട്ടിമറി വിജയം നേടി. എറണാകുളം ജില്ലയിൽ നാല് സീറ്റുകളിലും അതത് കക്ഷികൾ വിജയം നിലനിർത്തിയപ്പോൾ, പൂതൃക്ക പഞ്ചായത്തിൽ ട്വന്റി-20 സ്ഥാനാർത്ഥി ദീനാമ്മ ജേക്കബ് 399 വോട്ടുകൾക്ക് വിജയിച്ചു. ചിറ്റൂർ പരുത്തിക്കാട് വാർഡിൽ ഇരുമുന്നണികളും തുല്യ വോട്ടുകൾ നേടിയതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിയായി. കൂടാതെ കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, പറവൂർ വടക്കേക്കര, കോഴിക്കോട് കുറ്റിച്ചിറ, ഇടുക്കി മുട്ടം, തിരുവല്ല കുറ്റൂർ എന്നിവിടങ്ങളിൽ യു.ഡി.എഫ് വിജയം ഉറപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles