വോട്ടർ രജിസ്ട്രേഷനിലെ വിവാദ വകുപ്പ് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോം 6-ലെ അനുബന്ധ സത്യവാങ്മൂലം നീക്കം ചെയ്തു

ന്യൂഡൽഹി: പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഓൺലൈൻ ‘ഫോം 6’ അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) സംബന്ധിച്ച വിവാദ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പായ ‘ഇ.സി.ഐ.നെറ്റ്’ (ECINET), വെബ് പോർട്ടലുകൾ എന്നിവയിൽ നിന്നാണ് ഈ അനുബന്ധ ഡിക്ലറേഷൻ ഒഴിവാക്കിയത്. എസ്.ഐ.ആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ രീതിയിലുള്ള സ്റ്റാറ്റ്യുറ്ററി ഫോം 6 ഉപയോഗിച്ച് ആളുകൾക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ ഫോം 6-ൽ അധിക വിവരങ്ങളും ചോദ്യങ്ങളും ഉൾപ്പെടുത്തിയത് ‘നിയമവിരുദ്ധമാണ്’ എന്ന് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ എതിർപ്പ് അറിയിച്ച പശ്ചാത്തലത്തിലാണ് കമ്മീഷന്റെ അടിയന്തര നടപടി. വോട്ടർമാരുടെ കുടുംബത്തിന്റെ മുൻകാല എസ്.ഐ.ആർ വിവരങ്ങളും ബൂത്ത് നമ്പറുകളും ചോദിച്ചുകൊണ്ടുള്ള സത്യവാങ്മൂലമാണ് അപേക്ഷകർ പൂരിപ്പിക്കേണ്ടിയിരുന്നത്. ചട്ടങ്ങളിൽ മാറ്റം വരുത്താതെ ഫോമിൽ വരുത്തിയ ഈ മാറ്റങ്ങൾക്കെതിരെ ജനപ്രതിനിധികളും പ്രതിപക്ഷ കക്ഷികളും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

നിയമപ്രകാരം വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമുള്ളത്. എന്നാൽ എസ്.ഐ.ആർ പൂർത്തിയാകാത്ത സംസ്ഥാനങ്ങളിൽ ഈ സത്യവാങ്മൂലം തുടരുമെന്നും, മുൻപ് ഉൾപ്പെടുത്തിയ ഡിക്ലറേഷൻ എസ്.ഐ.ആർ പ്രക്രിയക്ക് വേണ്ടി മാത്രമുള്ളതായിരുന്നു എന്നുമാണ് കമ്മീഷന്റെ വിശദീകരണം.

Related Articles

- Advertisement -spot_img

Latest Articles