പൈലറ്റുമാർ തമ്മിൽ ആകാശത്ത് കടുത്ത സംഘർഷം; ദുബൈ-ടെൽഅവീവ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

തബുക് : ദുബൈയിൽ നിന്ന് ഇസ്രായേലിലെ ടെൽഅവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബൈ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്ത സംഭവത്തിന് പിന്നിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത സംഘർഷമെന്ന് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ തമ്മിൽ അക്രമാസക്തമായി പെരുമാറിയതാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇതിലൊരു പൈലറ്റ് വിമാനം അപകടകരമായ രീതിയിൽ ഇടിച്ചിറക്കാൻ ശ്രമിച്ചതായും യാത്രക്കാരുടെ സഹായത്തോടെ സഹപൈലറ്റ് ഈ ശ്രമം തടയുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം പ്രാദേശിക സമയം പുലർച്ചെ 1:20-ഓടെ വിമാനം വെറും രണ്ട് മിനിറ്റിനുള്ളിൽ 34,000 അടിയിൽ നിന്ന് 16,600 അടിയിലേക്ക് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന്റെ വേഗതയിലും വലിയ വ്യതിയാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ ഈ സാഹചര്യത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടിയന്തര സുരക്ഷാ അവലോകന യോഗം ചേർന്നു. അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇസ്രായേലി യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി സൈനിക വക്താവ് സ്ഥിരീകരിച്ചു. എന്നാൽ സംഭവം വിമാനം റാഞ്ചാനുള്ള ശ്രമമല്ലെന്നും വിമാനം സുരക്ഷിതമായി സൗദിയിൽ ഇറക്കിയെന്നും ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഏകദേശം 180 ഇസ്രായേലി യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയ യാത്രക്കാരെ തെൽഅവീവിലേക്ക് എത്തിക്കുന്നതിനായി ഫ്ലൈദുബൈ മറ്റൊരു വിമാനം ഏർപ്പാടാക്കിയിട്ടുണ്ട്. അതേസമയം, രക്തം പുരണ്ട നിലയിലുള്ള ഒരു യാത്രക്കാരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് ഈ വിമാനത്തിൽ നിന്നുള്ളതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles