ഡോ. എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ; ജി. ദേവരാജൻ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകും

തിരുവനന്തപുരം: മുസ്ലിം ലീഗ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. ഭരണനിർവ്വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് സർക്കാരിലേക്ക് നിർദ്ദേശങ്ങളും ശുപാർശകളും നൽകുകയാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ചുമതല. കമ്മീഷൻ അധ്യക്ഷ പദവിക്കായി മുന്നണിയിൽ കോൺഗ്രസ് പാർട്ടിയും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.

ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഡൽഹിയിലെ നയതന്ത്ര, വികസന കാര്യങ്ങളുടെ ഏകോപന ചുമതലയാണ് പ്രത്യേക പ്രതിനിധിക്കുള്ളത്.

നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി വഹിച്ചിരുന്നത്. 2021-ൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പദവി ഒഴിയുകയായിരുന്നു. അതിനുശേഷം ഒഴിവുകിടന്ന പ്രധാന തസ്തികയിലേക്കാണ് ഇപ്പോൾ മുൻ മന്ത്രി കൂടിയായ ഡോ. എം.കെ. മുനീറിനെ നിയമിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles