തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കുന്ന രീതിയിൽ മന്ത്രിമാർക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധവും വഴിയ തടയലും ശക്തമാകുന്നു. തിരുവനന്തപുരം പാളയത്തിന് സമീപമുള്ള വാൻ റോസ് ജങ്ഷനിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനം യുവമോർച്ച പ്രവർത്തകർ നടുറോഡിൽ തടഞ്ഞു. സെക്രട്ടറിയറ്റിൽ നിന്ന് ഔദ്യോഗിക വസതിയായ ‘പൗർണമി’യിലേക്ക് മടങ്ങവേയായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ ബി.ജെ.പിയുടെ കൊടി വാഹനത്തിന്റെ ബോണറ്റിൽ വിരിക്കുകയും ചെയ്തു. കടുത്ത സുരക്ഷാ വീഴ്ചയെ തുടർന്ന് മന്ത്രി കാറിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിൽ കയറിയെങ്കിലും പ്രതിഷേധക്കാർ ആ ഓട്ടോയും തടയുകയായിരുന്നു. ഇതോടെ ഓട്ടോയിൽ നിന്ന് ഇറങ്ങി നടന്നുപോകേണ്ട സാഹചര്യമാണ് മന്ത്രിക്ക് ഉണ്ടായത്. പൈലറ്റും എസ്കോർട്ടും ഇല്ലാതെ മന്ത്രി യാത്ര ചെയ്തത് വലിയ സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
കൊല്ലത്ത് വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മന്ത്രിമാരെ തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധങ്ങൾ ആരംഭിക്കുകയായിരുന്നു. തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ രണ്ടിടങ്ങളിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഡൽഹിയിൽ നിന്നെത്തിയ മുഖ്യമന്ത്രിയെ ചാക്ക മേൽപ്പാലത്തിന് സമീപത്ത് വെച്ചും വൈകുന്നേരം പനവിള ജങ്ഷന് സമീപത്ത് വെച്ചുമാണ് തടയാൻ ശ്രമിച്ചത്. സംഭവങ്ങളിൽ എട്ട് യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെയും ആക്രമണമുണ്ടായി.
മന്ത്രിമാർക്ക് നേരെയുണ്ടാകുന്ന കടുത്ത സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അകമ്പടി വാഹനങ്ങളും മഫ്തി പോലീസിന്റെ സാന്നിധ്യവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും സുരക്ഷ കൂട്ടുന്നതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം, പൈലറ്റ് വാഹനമില്ലാതെ യാത്ര ചെയ്യുന്ന മന്ത്രിമാർക്കും ഇനിമുതൽ നിർബന്ധമായും പഴുതടച്ച സുരക്ഷ ഒരുക്കാനാണ് പോലീസ് തീരുമാനം.



