കൊല്ലം: കൊല്ലത്ത് സിപിഐഎം സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഫ്ലക്സ് എസ്.എഫ്.ഐ പ്രവർത്തകൻ വലിച്ചുകീറിയ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് സമരത്തിന്റെയും പ്രതിഷേധ പ്രകടനത്തിന്റെയും ഭാഗമായാണ് കൊല്ലം ചിന്നക്കടയിൽ സംഭവം നടന്നത്.
പ്രകടനമായി എത്തിയ സംഘത്തിൽ നിന്ന് ഒരാൾ ഓടിക്കയറി റോഡരികിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് വലിച്ച് കീറുകയായിരുന്നു. കോടിയേരിയുടെ ഫ്ലക്സ് ആണോ കീറിയതെന്ന് ആൾക്കൂട്ടത്തിൽ നിന്ന് ചോദ്യമുയർന്നതോടെ കൂടെയുണ്ടായിരുന്ന മറ്റു പ്രവർത്തകർ ഇയാളെ പിടിച്ചുമാറ്റുകയും തകർത്ത ഫ്ലക്സ് അവിടെ നിന്നും എടുത്തുമാറ്റുകയും ചെയ്തു.
സ്വന്തം നേതാവിന്റെ ഫ്ലക്സ് ബോർഡ് എസ്.എഫ്.ഐക്കാർ തന്നെ തകർത്തതിന് തൊട്ടുപിന്നാലെ, പ്രദേശത്ത് കോടിയേരി ബാലകൃഷ്ണന്റെ പുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഫ്ലക്സ് പുനഃസ്ഥാപിച്ചതിന് ശേഷം കോടിയേരിക്ക് ‘ലാൽ സലാം’ വിളിച്ച് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവിനോട് സ്വന്തം പാർട്ടി പ്രവർത്തകർ കാണിച്ച അനാദരവിനെതിരെ പ്രതിഷേധ സൂചകമായാണ് യൂത്ത് കോൺഗ്രസ് ഫ്ലക്സ് സ്ഥാപിച്ചത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഫ്ലക്സ് വലിച്ച് കീറിയ വ്യക്തി എസ്.എഫ്.ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്നയാളല്ലെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. പ്രകടനത്തിലേക്ക് ഈ വ്യക്തി എങ്ങനെ എത്തിയെന്ന് പരിശോധിക്കുമെന്നും, സംഭവം ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും വ്യക്തമാക്കി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.



