ജുബൈൽ: സ്ട്രോക്ക് ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രവാസി, നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിത കയത്തിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ രൻവീർ സിങ് ആണ് രോഗബാധയെ തുടർന്ന് സംസാരശേഷിയും ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷിയും പൂർണ്ണമായി നഷ്ടപ്പെട്ട അവസ്ഥയിലുള്ളത്.
കഴിഞ്ഞ പത്തു ദിവസമായി ആശുപത്രിയിൽ തുടരുന്ന ഇദ്ദേഹത്തിന് വലിയ തുകയാണ് ചികിത്സാച്ചെലവ് വരുന്നത്. തുടർചികിത്സയ്ക്കായി ഫൈനൽ എക്സിറ്റ് വാങ്ങി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നിടെ യാത്രാവിലക്ക് ഉള്ളതായി അറിഞ്ഞത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി ജുബൈൽ കോടതിയുമായി (മഹ്‌കമ) ബന്ധപ്പെട്ടപ്പോൾ ആണ് യാത്രാവിലക്ക് (ട്രാവൽ ബാൻ) ഉള്ളതായി അറിയാൻ കഴിഞ്ഞത്. തവണ വ്യവസ്ഥയിൽ വാങ്ങിയ കാറിന്റെ അടവ് മുടങ്ങിയതിനെ തുടർന്ന് 1,18,000 റിയാലോളം തിരിച്ചടക്കാൻ ഉള്ളതിനാലാണ് വിലക്ക് നിലനിൽക്കുന്നത്. വിവരമറിഞ്ഞ കുടുംബം സഹായ അഭ്യർത്ഥനയുമായി ഇന്ത്യൻ എംബസിക്ക് ഇമെയിൽ അയച്ചിട്ടുണ്ട്.
സ്ട്രെച്ചറിൽ മാത്രം യാത്ര ചെയ്യാൻ സാധിക്കുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ടിക്കറ്റ് ഇനത്തിലും മറ്റും ഭീമമായ തുക ആവശ്യമായി വരും. യാത്രാച്ചെലവിന് എംബസിയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും നീങ്ങാതെ ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ കഴിയില്ല. മാനുഷിക പരിഗണന നൽകി യാത്രാവിലക്ക് അടിയന്തരമായി ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്താൻ പ്രവാസി സമൂഹവും ബന്ധപ്പെട്ട അധികാരികളും മുന്നോട്ടുവരണമെന്ന് സൈഫുദ്ദീൻ അഭ്യർത്ഥിച്ചു.



