ഭീഷണിപ്പെടുത്തി ഞങ്ങളെ കീഴടക്കാനാകില്ല; വോട്ട് മോഷ്ടിക്കുമ്പോൾ ജീവൻ നൽകി സ്വാതന്ത്ര്യം നേടിത്തന്ന മുൻഗാമികളെ ഓർക്കണം: നേഹ ബോറ

ന്യൂഡൽഹി: ഭീഷണികളും പോലീസ് കസ്റ്റഡിയും ഉപയോഗിച്ച് ജനകീയ പ്രതിഷേധങ്ങളെയും വിദ്യാർത്ഥി മുന്നേറ്റങ്ങളെയും അടിച്ചമർത്താമെന്ന് കേന്ദ്ര സർക്കാരും ഭരണകൂടവും കരുതേണ്ടെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ. വോട്ടർപട്ടിക തിരിമറികൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പോലീസ് തടങ്കലിലായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നേഹ ബോറ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്. വോട്ട് മോഷ്ടിക്കുകയും ജനാധിപത്യപരമായ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുമ്പോൾ, സ്വന്തം ജീവൻ ബലി നൽകി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ പൂർവ്വികരെ ഭരണാധികാരികൾ ഓർക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു.

തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിന്റെ (SIR) മറവിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം അനധികൃതമായി വെട്ടിച്ചുരുക്കുന്നതിനെതിരെയും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്കെതിരെയുമാണ് വിദ്യാർത്ഥി-യുവജന സംഘടനകൾ ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധങ്ങളെ പോലീസ് ബലം പ്രയോഗിച്ച് അടിച്ചമർത്തുകയും മാധ്യമപ്രവർത്തകരെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങളെ എത്ര തവണ തടഞ്ഞാലും ജനാധിപത്യ പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ‘ജന്തർ മന്തർ 2.0’ പോരാട്ടങ്ങൾ ഇതിലൂടെ അവസാനിക്കുന്നില്ലെന്നും നേഹ ബോറ വ്യക്തമാക്കി.

നിയമം ലംഘിക്കുന്നതും വോട്ട് തട്ടിക്കുന്നതുമാണ് യഥാർത്ഥ കുറ്റകൃത്യമെന്നും, ജനാധിപത്യപരമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതല്ല കുറ്റമെന്നും നേഹ ചൂണ്ടിക്കാട്ടി. ഭരണഘടനയെയും ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ തത്ത്വത്തെയും സംരക്ഷിക്കാനുള്ള സമരം രാജ്യവ്യാപകമായി വിപുലീകരിക്കുമെന്നും, കസ്റ്റഡി വാഹനങ്ങൾക്കോ അടിച്ചമർത്തലുകൾക്കോ ജനങ്ങളുടെ വോട്ടവകാശ ബോധത്തെ തടവിലിടാനാകില്ലെന്നും ഐസ നേതാക്കൾ പ്രഖ്യാപിച്ചു.

Related Articles

- Advertisement -spot_img

Latest Articles