റിയാദ്/ഇസ്ലാമാബാദ്: യമനിലെ ഹൂതി സായുധ സംഘത്തിൽ നിന്നുള്ള ഭീഷണികളും ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ പ്രതിരോധത്തിൽ പങ്കാളികളാകാൻ പാകിസ്താനും തുർക്കിയും ധാരണയായി. റിയാദിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം മൂന്ന് രാജ്യങ്ങളും ഉൾപ്പെടുന്ന ‘മെക്ക സംയുക്ത പ്രതിരോധ സഖ്യത്തിന്റെ’ (Makkah Defence Alliance) പ്രതിരോധ നടപടികൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചു. കരാറിന്റെ ഭാഗമായി തുർക്കി, പാകിസ്താൻ സൈനിക സേനകളെ സൗദി അറേബ്യയിലേക്ക് അയക്കാൻ ധാരണയായിട്ടുണ്ട്.
തങ്ങളുടെ പങ്ക് കേവലം പ്രതിരോധപരമാണെന്ന് ഇസ്ലാമാബാദ് വ്യക്തമാക്കുന്നുണ്ടെങ്കിലും, യമൻ സർക്കാർ സേനയും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതികൾക്കെതിരെ നടത്തുന്ന വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നേരിട്ടുള്ള യുദ്ധത്തിലേക്ക് എത്രത്തോളം അകലം പാലിക്കാൻ സാധിക്കുമെന്നത് കണ്ടറിയേണ്ടിവരുമെന്ന് സൈനിക അപഗ്രഥന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യകൾ, ഇന്റലിജൻസ് പങ്കുവെക്കൽ, സൈനിക വിവരങ്ങളുടെ കൈമാറ്റം എന്നിവയിലൂടെയാകും തുർക്കിയും പാകിസ്താനും പ്രാഥമികമായി സൗദിയെ പിന്തുണയ്ക്കുക.
തുർക്കി ഭരണഘടന അനുസരിച്ച് വിദേശങ്ങളിലേക്ക് സൈന്യത്തെ അയക്കാൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഹൂതി ആക്രമണങ്ങളിൽ നിന്ന് സൗദി അതിർത്തികളും സുപ്രധാന ആഗോള ജലപാതയായ ബാബ് അൽ മന്ദബും സംരക്ഷിക്കുക എന്ന പരിമിതമായ ലക്ഷ്യമാണ് ഇപ്പോൾ പ്രതിരോധ സഖ്യത്തിനുള്ളത്. എന്നാൽ, സനാ തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള ഹൂതികളെ പൂർണ്ണമായി അമർച്ച ചെയ്യാനുള്ള നീക്കത്തിലേക്ക് പോയാൽ മേഖലയിൽ കൂടുതൽ കടുത്ത പ്രതിസന്ധി രൂപപ്പെടുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.



