ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ പുറത്തേക്ക്; 9 മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ മോചനം

ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റിലും ആകാശവാണി ഭവനിലും ഡൽഹി പൊലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ പ്രതിഷേധത്തിന് താത്കാലിക ആശ്വാസം. നാടകീയ രംഗങ്ങൾക്കും കസ്റ്റഡിക്കും ഒടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ കസ്റ്റഡിയിലെടുത്ത മുഴുവൻ ഇൻഡ്യ മുന്നണി നേതാക്കളെയും രണ്ട് മണിക്കൂറിന് ശേഷം പൊലീസ് വിട്ടയച്ചു. ഭരണഘടനയുടെ പകർപ്പ് കൈകളിലേന്തി ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ നിന്നും പുറത്തേക്ക് വന്നത്.

ചൊവ്വാഴ്ച രാവിലെ പാർലമെന്റിൽ നിന്ന് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി തുടങ്ങിയവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ആരംഭിച്ച ‘സേവ് ഡെമോക്രസി’ പ്രതിഷേധ മാർച്ച് നിർവാചൻ സദന് ഏതാനും മീറ്ററുകൾ അകലെ വെച്ച് വലിയ പൊലീസ് സന്നാഹം തടഞ്ഞിരുന്നു. തുടര്‍ന്ന് ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും മറ്റ് എം.പിമാരെയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെയാണ് സംഭവം കൂടുതൽ നാടകീയമായത്. തൊട്ടടുത്തുള്ള ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ച നേതാക്കൾ നിലത്തു കുത്തിയിരുന്ന് ഉപരോധ സമരം ആരംഭിക്കുകയായിരുന്നു.

രാത്രി വൈകിയും ഒമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിനൊടുവിൽ വൻ പൊലീസ് പടയെത്തി രാഹുൽ ഗാന്ധിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ പൊലീസ് നടത്തിയ അമിത ബലപ്രയോഗത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പവൻ ഖേര, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, തൃണമൂൽ കോൺഗ്രസ് എം.പിമാരായ ഡെറിക് ഒബ്രിയൻ, മഹുവ മൊയ്ത്ര തുടങ്ങിയ മുൻനിര നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സമരം നിർത്തി വീട്ടിലേക്ക് പോകാൻ പൊലീസിന് തന്നോട് ആവശ്യപ്പെടാൻ അവകാശമില്ലെന്നും പ്രതിഷേധിക്കുക എന്നത് തന്റെ ജനാധിപത്യപരമായ അവകാശമാണെന്നും രാഹുൽ പൊലീസിനോട് മറുപടി നൽകി. സമരം രാത്രിയും തുടരാനായി വിരിപ്പുകളും പായകളും വരെ കോൺഗ്രസ് പ്രവർത്തകർ എത്തിച്ചിരുന്നു. എങ്കിലും വൻ സേനയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നീക്കുകയായിരുന്നു. നേതാക്കളെ വിട്ടയച്ചെങ്കിലും വോട്ട് കൊള്ളയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഇൻഡ്യ മുന്നണി വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles