രാജ്യവ്യാപകമായി വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് ഐ.സി.എഫ്

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) സൗദിയിലുടനീളം വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ‘ജീവിതത്തിന്റെ സമ്മാനം പങ്കുവെക്കൂ’ (Share the Gift of Life) എന്ന പ്രമേയമുയർത്തിയാണ് ഐ.സി.എഫ് ജീവകാരുണ്യ വിഭാഗം ഈ ദൗത്യം ഏകോപിപ്പിച്ചത്. പ്രവാസി സമൂഹത്തിൽ നിന്നും പ്രദേശ വാസികളിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ക്യാമ്പുകൾക്ക് ലഭിച്ചത്. നൂറുകണക്കിന് സന്നദ്ധ രക്തദാതാക്കൾ പങ്കാളികളായ ദൗത്യത്തിന് സൗദിയിലെ പ്രമുഖ ആശുപത്രികളും വിവിധ ആരോഗ്യ ഏജൻസികളും സഹകരണവും പിന്തുണയും നൽകി.

സൗദി അറേബ്യയിലെ ഇരുപത് റീജിയണുകളിൽ നടന്ന രക്തദാന ക്യാമ്പുകൾക്ക് ഐ.സി.എഫ് നാഷണൽ, ചാപ്റ്റർ, റീജിയണൽ നേതാക്കൾ നേതൃത്വം നൽകി. ജിസാനിലെ ക്യാമ്പിന് ഐ.സി.എഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടിയും ജിദ്ദയിൽ നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, മുജീബ് എ.ആർ നഗർ, ബഷീർ പറവൂർ, മുഹമ്മദലി വേങ്ങര, അബൂമിസ്ബാഹ് ഐക്കരപ്പടി എന്നിവരും ഖമീസിൽ മഹ്‌മൂദ് സഖാഫിയും നേതൃത്വം നൽകി.

റിയാദ് ഗുറാബി പാർക്ക് പരിസരത്ത് നടന്ന രക്ത ദാന ക്യാമ്പിൽ നാഷണൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ, ഹുസൈനലി കടലുണ്ടി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ദമ്മാമിൽ നടന്ന ക്യാമ്പിന് ഐ.സി സെക്രട്ടറി സലിം പാലച്ചിറ, അഷ്‌റഫ് കരുവൻപൊയിൽ, ഹാരിസ് ജൗഹരി, റാഷിദ് കാലിക്കറ്റ് എന്നിവരും സകാക്കയിൽ നടന്ന ക്യാമ്പിന് നിസാർ ചിറമംഗലവും നേതൃത്വം നൽകി.

തൊഴിലെടുക്കുന്ന നാടിനോടുള്ള നന്ദിയും സാമൂഹിക പ്രതിബദ്ധതയും പങ്കുവെക്കുന്നതിനും സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി സംഘടിപ്പിച്ചതെന്നും വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും ഐ.സി.എഫ് നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles