‘ലെഹ്‌റാ ദോ തിരംഗ’: ഒക്ടോബർ 16-ന് ഡൽഹി സെൻട്രൽ പാർക്കിൽ പ്രതിഷേധത്തിന് ആഹ്വാനവുമായി അഭിജീത് ദീപ്കേ

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിച്ച സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച നടപടിക്ക് പിന്നാലെ, ശക്തമായ പുതിയ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ. ‘ലെഹ്‌റാ ദോ തിരംഗ’ (ദേശീയ പതാക ഉയർത്തൂ) എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഡൽഹി കോണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുചേരാൻ അദ്ദേഹം രാജ്യത്തെ പൗരന്മാരോടും അനുഭാവികളോടും ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം പുതിയ സമരപ്രഖ്യാപനം നടത്തിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയും വോട്ടർപട്ടിക പരിശോധനയിലെ (SIR) ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച സി.ജെ.പി വക്താക്കളായ അശുതോഷ് റങ്കയെയും സൗരവ് ദാസിനെയും ഡൽഹി പൊലീസ് ജയിലിലടച്ച സാഹചര്യത്തിലാണ് ഈ നിർണായക നീക്കം. ജന്തർ മന്തറിൽ ദേശീയ പതാക വീശിയതിനാണ് സഹപ്രവർത്തകരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് ആരോപിച്ച ദീപ്കേ, കേന്ദ്ര സർക്കാരിന്റേത് ഭീരുത്വമാണെന്നും അടിച്ചമർത്താൻ ശ്രമിക്കുന്നതിനേക്കാൾ ധൈര്യമുണ്ടെങ്കിൽ രാജ്യത്ത് ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും വെല്ലുവിളിച്ചു.

തന്നെയും ജയിലിലടച്ചേക്കാം എന്നാൽ അതിൽ ഭയമില്ലെന്നും, ഏത് വിലകൊടുത്തും സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി സമരം തുടരുമെന്നും അഭിജീത് ദീപ്കേ വ്യക്തമാക്കി. ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയ പശ്ചാത്തലത്തിൽ, പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പിന്തുണയോടെ ഒക്ടോബർ 16-ലെ പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles