തൃശൂരിൽ ഹണിട്രാപ്പ് സംഘം പിടിയിൽ; പുത്തൂർ സ്വദേശിയെ മർദ്ദിച്ച് പണം തട്ടിയെടുത്തത് യുവതിയടക്കം അഞ്ച് പേർ

തൃശൂർ: ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും കൂടുതൽ പണത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവതിയടക്കം അഞ്ച് പേരെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ പെൺസുഹൃത്ത് മാന്ദാമംഗലം ഒറ്റക്കുനിൽ വീട്ടിൽ അലോന (19), അലോനയുടെ സുഹൃത്ത് കല്ലൂർ അറങ്ങാശ്ശേരി വീട്ടിൽ ജോയൽ (20), മാന്ദാമംഗലം മുരിക്കിൻപ്പാറ വാകക്കുഴിയിൽ വീട്ടിൽ ലിഷ (40), കൂർക്കഞ്ചേരി വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശ്ശി മൈത്രിനഗറിലെ അൻസാർ (26) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹണിട്രാപ്പിലൂടെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ അലോനയുടെ ആവശ്യപ്രകാരം തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പുത്തൂർ സ്വദേശിയുടെ കാറിൽ പാലക്കാട്ടേക്ക് പോകുകയായിരുന്നു. യാത്രയിലുടനീളം അലോന ഫോണിലൂടെ മറ്റ് പ്രതികൾക്ക് വിവരങ്ങൾ കൈമാറിയിരുന്നു. ഇതനുസരിച്ച് പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയ്ക്ക് അടുത്തുള്ള ഹോട്ടൽ മുറിയിലേക്ക് അതിക്രമിച്ചു കയറിയ സംഘം പരാതിക്കാരനെ ക്രൂരമായി മർദ്ദിക്കുകയും കാറിന്റെ കോടികൾ വിലമതിക്കുന്ന താക്കോൽ, പഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.

തുടർന്ന് അലോനയ്ക്കൊപ്പം നിർത്തി നഗ്നചിത്രങ്ങളും വീഡിയോകളും ഫോണിൽ പകർത്തുകയും, പഴ്സിലുണ്ടായിരുന്ന 9,000 രൂപയും ഗൂഗിൾ പേ വഴി 16,500 രൂപയും തട്ടിയെടുക്കുകയും ചെയ്തു. ഇതിനുപുറമേ രണ്ട് ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ഇരയായ പുത്തൂർ സ്വദേശി ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർമാരായ ടി.ആർ. രാജേഷ്, ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ 12 മണിക്കൂറിനുള്ളിൽ കുട്ടനെല്ലൂർ, മാന്ദാമംഗലം, വടൂക്കര, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles