ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടും പിന്തുണയോടും കൂടി തിരുവനന്തപുരം സ്വദേശി സംഗമം (TSS) ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടി (Breast Cancer Awareness Programme) സംഘടിപ്പിക്കുന്നു. ‘മുൻകൂട്ടിയുള്ള കണ്ടെത്തൽ ജീവൻ രക്ഷിക്കുന്നു’ (Early Detection Saves Lives) എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നത്. 2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ 8:30 വരെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പരിസരത്തുവെച്ചാണ് പരിപാടി നടക്കുക.
ഇന്ത്യൻ കോൺസൾ ജനറൽ എച്ച്.ഇ. ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഫഹ്മിന ഖാതൂൺ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രഗത്ഭരായ മെഡിക്കൽ വിദഗ്ധർ നയിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, രോഗ നിർണ്ണയവും സ്വയം പരിശോധനയ്ക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള ക്ലാസുകൾ, രോഗികൾക്കും കുടുംബങ്ങൾക്കുമുള്ള പിന്തുണ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
സ്തനാർബുദ ബോധവൽക്കരണം എന്നത് കേവലം സ്ത്രീകളുടെ മാത്രം വിഷയമല്ലെന്നും അത് ഓരോ കുടുംബത്തിന്റെയും ആകെ സമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. ജിദ്ദയിലെ മുഴുവൻ ഇന്ത്യൻ സാമൂഹിക കൂട്ടായ്മകളിൽ നിന്നുമുള്ള അംഗങ്ങളെയും കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സുബൈർദീൻ ഷബീർ, ജനറൽ സെക്രട്ടറി മൻസൂർ അബ്ദുൽ കലാം, ലേഡീസ് വിംഗ് കൺവീനർ ഷൈമ നജീബ് എന്നിവർ അറിയിച്ചു.



