തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷ് (38) ആണ് ഭാര്യ വിസ്മയ (27), മകൻ ദക്ഷിൻ (4) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
വിസ്മയയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തിയതോടെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്. എന്നാൽ വീടിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഈ സമയത്ത് കഴുത്തറുത്ത നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. തുടർന്ന് മകനെയും കൂട്ടി മറ്റൊരു മുറിയിലേക്ക് കയറി വാതിലടച്ച വിജേഷ് കുട്ടിയെയും ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് ഗുരുതരാവസ്ഥയിലുള്ള വിജേഷിനെയും കുട്ടിയെയും ആശുപത്രിയിലെത്തിച്ചെങ്കിലും, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് ദക്ഷിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജേഷ് ചികിത്സയിലാണ്. കുടുംബവഴക്കാണോ കൊലപാതകത്തിന് പിന്നിലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.



