ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുന്നത് എന്തിനാണെന്ന് ചോദ്യമുയർത്തി പ്രതിഷേധ നേതാക്കൾ. തെരഞ്ഞെടുപ്പിൽ മോദിക്ക് വിജയം നേടിക്കൊടുത്തതിന്റെ പ്രത്യുപകാരമാണോ ഗ്യാനേഷ് കുമാറിന് നൽകുന്ന സംരക്ഷണമെന്ന് സി.ജെ.പി നേതാവ് അഭിഷേക് ദീപ്കെ ചോദിച്ചു. ജനകീയ പ്രതിഷേധങ്ങളെ മോദി സർക്കാരും ബി.ജെ.പിയും ഭയപ്പെടുകയാണെന്നും സി.ഇ.സിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹി പൊലീസ് വ്യാപക അതിക്രമം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഉയർന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് രാഹുൽ ഗാന്ധി, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് അഭിഷേക് ദീപ്കെ കുറ്റപ്പെടുത്തി. ‘ഒരു രാജ്യം, ഒരു പാർട്ടി’ എന്നതാണ് ബി.ജെ.പിയുടെ അജണ്ടയെന്നും ദേശീയ പതാക ഉയർത്തി സമാധാനപരമായി പ്രതിഷേധിക്കുന്നവരെപ്പോലും തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയിലൂടെ അധികാരത്തിലെത്തിയവർക്ക് ജനാധിപത്യത്തിന്റെ മൂല്യം മനസ്സിലാകില്ലെന്ന് ഐഷി ഘോഷ് ആരോപിച്ചു. പ്രക്ഷോഭത്തിൽ നിന്ന് പിൻമാറില്ലെന്നും ദേശീയ പതാകയെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അടിച്ചമർത്തലുകൾ അതിജീവിച്ച് ഗ്യാനേഷ് കുമാറിന്റെ രാജി ഉറപ്പാക്കുമെന്നും എ.ഐ.എസ്.എഫ് നേതാവ് വിരാജും എ.എസ്.എ.പി നേതാവ് ഇഷ്ണ ഗുപ്തയും വ്യക്തമാക്കി.



