ഇടുക്കി: ലോവർപെരിയാർ ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യ (18) യുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തായ രാജാക്കാട് ഖജനപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം പൂർണ്ണമായും ഉറപ്പാക്കാനായി നിത്യയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതായും പ്രതി കുറ്റസമ്മതം നടത്തി. ഒക്ടോബർ 14-നാണ് ലോവർപെരിയാർ ഡാം കഴിഞ്ഞ് കോതമംഗലം റോഡിൽ കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തുവച്ച് വഴിയാത്രക്കാർ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.



