ഡൽഹിയിൽ ‘തിരംഗ മാർച്ചിന്’ ശ്രമിച്ച അഭിജീത് ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; നഗരം സംഘർഷഭരിതം

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും വിവിധ വിദ്യാർഥി സംഘടനകളും സംഘടിപ്പിച്ച ‘തിരംഗ മാർച്ചിനിടെ’ നാടകീയ രംഗങ്ങൾ. കൊണാട്ട് പ്ലേസിലേക്ക് മാർച്ചുചെയ്യാൻ ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഐ.എസ്‍.എ നേതാവ് നേഹ ബോറയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസിന് സമീപത്തുനിന്നാണ് നേഹ ബോറയെയും പ്രവർത്തകരെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയത്. ഇതിനെത്തുടർന്ന് രാജ്യതലസ്ഥാനം കടുത്ത സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ച് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരും ആം ആദ്മി പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ഡൽഹി നഗരമധ്യം അക്ഷരാർത്ഥത്തിൽ സമരക്കളമായി മാറി.

പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും നിരോധനാജ്ഞ നിലനിൽക്കുന്ന കൊണാട്ട് പ്ലേസിലേക്ക് പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ആക്ട് സെക്ഷൻ 29 പ്രകാരം അഭിജീത് ദിപ്കെയുടെ വസതിയിലെത്തി പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ വിലക്കുകൾ വകവെയ്ക്കാതെ റാലിയിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർമന്തറിൽ കടന്ന് പ്രതിഷേധിച്ചതിന് ജയിലിലായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നീ പാർട്ടി നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സി.ജെ.പി തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നത്. തങ്ങളുടെ പ്രതിഷേധം അടിച്ചമർത്താൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച നേതാക്കൾ, കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ തന്നെ മാർച്ച് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നും നാളെയുമായി കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ പൊതുജനങ്ങൾക്കും പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ വൻതോതിൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി പൊലീസിലെ 6,000-ത്തിലധികം ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനയിലെ 26,000 ഉദ്യോഗസ്ഥരെയും പ്രദേശം മുഴുവൻ വിന്യസിച്ചിട്ടുണ്ട്. കൂടാതെ അധിക സി.സി.ടി.വി നിരീക്ഷണവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടുകിട്ടണമെന്നും സമരം തുടരുമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധം തുടരുന്നതിനാൽ ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles