ഡൽഹി പോലീസിന് വിദ്യാർഥികളുടെ അസ്ഥികൾ തകർക്കാം അവരുടെ പോരാട്ടവീര്യത്തെ തകർക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി വിദ്യാർഥി സമരത്തിനിടെ ഡൽഹി പോലീസിന്റെ ക്രൂരമായ മർദനത്തിനിരയായ വിദ്യാർഥിനികൾക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള വിദ്യാർഥിനികൾക്ക് നേരെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായത്. വിദ്യാർഥികൾക്ക് മേൽ നടത്തിയ അക്രമങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ കേരളത്തിലെയും രാജസ്ഥാനിലെയും കോടതികളിൽ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ആഭ്യന്തര മന്ത്രിയുമായും രാജസ്ഥാൻ പി.സി.സി അധ്യക്ഷനുമായും വിഷയത്തിൽ സംസാരിച്ചതായും കേരളത്തിൽ ഇതിനകം ‘സീറോ എഫ്.ഐ.ആർ’ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ നരനായാട്ട് വെച്ചുപൊറുപ്പിക്കില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. 1930-ൽ ധർശനയിൽ സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ സത്യാഗ്രഹികൾ നേരിട്ട പൊലീസ് ലാത്തിച്ചാർജ് ഓർമിപ്പിച്ചുകൊണ്ട്, പോലീസിന് അസ്ഥികൾ തകർക്കാൻ കഴിയുമെങ്കിലും സത്യാഗ്രഹത്തെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവതീ യുവാക്കൾ നിർഭയരും ദൃഢനിശ്ചയമുള്ളവരുമാണെന്നും അവർ ജനാധിപത്യ സംരക്ഷണത്തിനായി നടത്തുന്ന പോരാട്ടങ്ങൾക്ക് താൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ഡൽഹിയിൽ സി.ജെ.പി ആഹ്വാനം ചെയ്ത ‘തിരംഗ മാർച്ചിനിടെ’ നാടകീയ സംഭവങ്ങൾ അരങ്ങേറി. കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെയും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഐ.എസ്‍.എ നേതാവ് നേഹ ബോറയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാർച്ച് ഒഴിവാക്കണമെന്നും നിരോധനാജ്ഞ നിലനിൽക്കുന്ന കൊണാട്ട് പ്ലേസിലേക്ക് പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ട് ഡൽഹി പോലീസ് ആക്ട് സെക്ഷൻ 29 പ്രകാരം നേരത്തെ ദിപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ ഈ വിലക്കുകൾ വകവെയ്ക്കാതെ റാലിയിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. മണ്ഡി ഹൗസ് ഭാഗത്തുവെച്ചാണ് നേഹ ബോറയെയും പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ മാറ്റിയത്. നേതാക്കളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് സി.ജെ.പി, ആം ആദ്മി പാർട്ടി പ്രവർത്തകർ ദേശീയ പതാകകളുമായി തെരുവിലിറങ്ങിയതോടെ നഗരം കൂടുതൽ സംഘർഷഭരിതമായി. പ്രതിഷേധക്കാരുടെ മുന്നേറ്റം തടയാൻ വൻതോതിൽ സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles