ന്യൂഡൽഹി: തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഐസ (AISA) ദേശീയ നേതാവ് നേഹ ബോറയെ മോചിപ്പിച്ചു. സുഹൃത്തുക്കൾ ആർ.കെ പുരം പൊലീസ് സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെയാണ് പൊലീസ് നേഹയെ വിട്ടയക്കാൻ തയ്യാറായത്. അതേസമയം, സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അഭിജീത് ദിപ്കെയെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്ന് സി.ജെ.പി ഭാരവാഹികൾ ആരോപിച്ചു.
രാജ്യത്ത് നിയമവും സമാധാനവും പൂർണ്ണമായും ലംഘിക്കപ്പെടുകയാണെന്ന് മോചിതയായ ശേഷം നേഹ ബോറ പ്രതികരിച്ചു. സാധാരണക്കാരായ പൗരന്മാരെയും പ്രതിഷേധക്കാരെയും കടുത്ത കുറ്റവാളികളെപ്പോലെയാണ് അധികാരികൾ കൈകാര്യം ചെയ്യുന്നതെന്നും, പകൽ സമയങ്ങളിൽ കസ്റ്റഡിയിലെടുത്ത് രാത്രി മുഴുവൻ അജ്ഞാത കേന്ദ്രങ്ങളിൽ തടങ്കലിൽ വെച്ച ശേഷം അടുത്ത ദിവസം മാത്രം മോചിപ്പിക്കുന്ന രീതി ഭരണകൂട ഭീകരതയുടെ തെളിവാണെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ വീണ്ടും തിരംഗ മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൊണാട്ട് പ്ലേസിലെ സെൻട്രൽ സർക്കിളിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സന്നാഹമാണ് ഡൽഹി പൊലീസ് ഒരുക്കിയിട്ടുള്ളത്.



