‘വെടിനിർത്തൽ’ പ്രഖ്യാപിച്ചിട്ടും ഗസയിൽ 340-ലധികം കുട്ടികൾ കൊല്ലപ്പെട്ടു: ഐക്യരാഷ്ട്രസഭ യൂനിസെഫ്

ജനീവ: ഗസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷവും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ 340-ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമത്തിനായുള്ള ഏജൻസിയായ യൂനിസെഫ് (UNICEF) വ്യക്തമാക്കുന്നു. ഗസയിൽ ഉപരോധം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീനികൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ തുടരുന്നതെന്ന് ജനീവയിലെ യു.എൻ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ യൂനിസെഫ് വക്താവ് റിക്കാർഡോ പിറെസ് അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നടന്ന ആക്രമണങ്ങളിൽ അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും കൊല്ലപ്പെടുകയും കുറഞ്ഞത് 33 കുട്ടികൾക്ക് അതിദാരുണമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഗസയിലെ എട്ട് ലക്ഷത്തോളം കുട്ടികൾ വീടുകൾ നഷ്ടപ്പെട്ട് താൽക്കാലിക ടെന്റുകളിലും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ശൈത്യകാലത്തോടെ പ്രദേശത്തെ സാഹചര്യങ്ങൾ കൂടുതൽ ദയനീയമാകാൻ സാധ്യതയുണ്ടെന്നും, തുടർച്ചയായ നാലാം വർഷമാണ് ഫലസ്തീനിലെ കുട്ടികൾ മാനുഷിക പരിഗണന പോലുമില്ലാത്ത ദുരിതാവസ്ഥയിൽ കഴിയേണ്ടിവരുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles