വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന. വെസ്റ്റ് ബാങ്കിൽ വാഷിംഗ്ടൺ പോസ്റ്റ് ഫോട്ടോജേർണലിസ്റ്റ് ഹൈഡി ലെവിൻ കുടിയേറ്റക്കാരാൽ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് റോ ഖന്ന രംഗത്തെത്തിയത്. കുടിയേറ്റക്കാരുടെ ആക്രമണത്തിന് ഇരയായ മാധ്യമപ്രവർത്തകയെ അവർ തറയിൽ തള്ളിയിടുകയും ക്രൂരമായി ചവിട്ടുകയും ചെയ്തതായി എക്സിലൂടെ പങ്കുവെച്ച കുറിപ്പുകളിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ യു.എസ് നൽകുന്ന സാമ്പത്തിക-ആയുധ സഹായങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈയിൽ സാന്യൂതയിൽ വെച്ച് താനും ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫറും ഇസ്രായേലി കുടിയേറ്റക്കാരാൽ തടഞ്ഞുവെക്കപ്പെട്ട അനുഭവം അനുസ്മരിച്ച റോ ഖന്ന, അന്ന് താൻ കള്ളം പറയുകയാണെന്ന് ആരോപിച്ച നെതന്യാഹുവിനുള്ള മറുപടിയും നൽകി. “നെതന്യാഹു, താങ്കളാണ് യഥാർത്ഥ വ്യാജൻ; താങ്കളുടെ കൈകളിൽ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ടിട്ടുണ്ട്” എന്ന് അദ്ദേഹം രോഷത്തോടെ കുറിച്ചു. വെസ്റ്റ് ബാങ്കിൽ യാതൊരു ഭയവുമില്ലാതെ ഇസ്രായേലി കുടിയേറ്റക്കാർ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



