റിയാദ്: സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സർവീസുകൾ നിർത്തിവെച്ച വിവരം ഇരു വിമാനക്കമ്പനികളും തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളിലൂടെയാണ് വ്യക്തമാക്കിയത്.
വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയ വിവരം സൗദിയിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള പ്രവാസികളും മറ്റ് യാത്രക്കാരും വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും കർശനമായി പരിശോധിക്കണമെന്നും, തങ്ങളുടെ സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട അധികൃതർ അഭ്യർത്ഥിച്ചു.



