ജിദ്ദ: വാർഷികാവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. സൗദിയിൽ കർശന നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടെന്ന സംശയത്തെ തുടർന്നാണ് ജിദ്ദ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നത്. എന്നാൽ വിഷയത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഫിലോമിന നിരപരാധിയാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് അധികൃതർ മോചനം സാധ്യമാക്കിയത്.
വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന, കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. അവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദ വഴി റിയാദിലേക്ക് പുറപ്പെട്ടത്. ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ, വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടുവെന്നും കാണിച്ച് ഫിലോമിന തന്റെ പിതാവിനും ഭർത്താവിനും ശബ്ദസന്ദേശം അയച്ചിരുന്നു.
എന്നാൽ ഇതിനുശേഷ ഇവർക്ക് ഫിലോമിനയുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം കടുത്ത ആശങ്കയിലാവുകയും തിരോധാനവുമായി ബന്ധപ്പെട്ട് പരാതി നൽകുകയും ചെയ്യുകയായിരുന്നു. റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ കുടുംബം ബന്ധപ്പെട്ടവരുടെ സഹായം തേടി.
തുടർന്ന് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും വിവിധ സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. തുടർനടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഫിലോമിനക്കെതിരെയുള്ള സംശയങ്ങൾ പൂർണ്ണമായും ദുരീകരിക്കപ്പെടുകയും അവർ കുറ്റക്കാരിയല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അധികൃതർ ഇവരെ മോചിപ്പിച്ചത്.



