കൊൽക്കത്ത ദുർഗ്ഗാ പൂജ പന്തലിലെ തിക്കിലും തിരക്കിലുംപെട്ട് 19 മരണം; സംഘാടകർ അറസ്റ്റിൽ

ന്യൂഡൽഹി: കൊൽക്കത്തയിൽ ദുർഗ്ഗാ പൂജ ആഘോഷപ്പന്തലിലുണ്ടായ തിക്കും തിരക്കിലുംപെട്ട് 19 പേർ ദാരുണമായി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരിപാടിയുടെ സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ചോർബഗാൻ ദുർഗ്ഗാ പൂജ കമ്മിറ്റി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ, ബിപ്ലബ് മുഖർജി, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന കൗശിക് സാഹ, പിന്റു ഡേ, സുരക്ഷാ വിഭാഗം ചുമതലക്കാരായ സുമൻ ചക്രവർത്തി, രാജേഷ് പാൽ എന്നിവരാണ് അറസ്റ്റിലായത്.

പൂജ സംഘാടകർ മൈക്കിലൂടെ നടത്തിയ അശാസ്ത്രീയമായ അനൗൺസ്‌മെന്റാണ് ജനങ്ങൾക്കിടയിൽ പെട്ടെന്ന് ഭീതി പരത്താനും, ആളുകൾ കൂട്ടത്തോടെ ഇരച്ചെത്തി വൻ ദുരന്തത്തിന് കാരണമാകാനും ഇടയാക്കിയതെന്ന് അധികാരികൾ വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ ജനത്തിരക്കേറിയ നിരവധി ദുർഗ്ഗാ പൂജ പന്തലുകൾ മുൻകരുതൽ എന്ന നിലയിൽ അടച്ചിടാൻ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും മുഖ്യമന്ത്രി സുവേന്ദു അധികാരി വാഗ്ദാനം ചെയ്തു. കൂടാതെ പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും സഹായം ലഭിക്കും. ഇതിനു പുറമെ, പ്രധാനമന്ത്രി നരേന്ദ്രമോഡിയും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles