തെരഞ്ഞെടുപ്പ് കമീഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദപ്രകടനവുമായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി

ഹൈദരാബാദ്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് കമീഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയ 2023-ലെ നിയമത്തെ പിന്തുണച്ചതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി രംഗത്ത്. തെരഞ്ഞെടുപ്പ് കമീഷണർമാരെ ഭരണകക്ഷികൾ നാമനിർദേശം ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമപ്രകാരം നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിയെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്നതാണ് നിലവിലെ സമിതി. ഈ നിയമനിർമ്മാണ വേളയിൽ തന്നെ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

രാഷ്ട്രീയ നിഷ്പക്ഷത പാലിക്കേണ്ട തിരഞ്ഞെടുപ്പ് കമീഷൻ നിയമനങ്ങൾ കൂടുതൽ സുതാര്യമായിരിക്കണമെന്നും, ഒരു വിദ്യാർത്ഥിക്ക് സ്വന്തം പരീക്ഷാ നടത്തിപ്പുകാരനെ (എക്സാമിനറെ) നിയമിക്കാൻ കഴിയില്ലെന്നതുപോലെയാണ് ഭരണകക്ഷികൾ ഈ പദവികളിൽ ആളുകളെ നിശ്ചയിക്കുന്നതെന്നും ജഗൻ ചൂണ്ടിക്കാട്ടി. “അന്ന് കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ കഴിയുന്ന ഈ നടപടിക്രമത്തെ ഞങ്ങളുടെ പാർട്ടി പിന്തുണച്ചു. എന്നാൽ ഇന്ന് ഞങ്ങൾ അതിൽ ഖേദിക്കുന്നു. ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നു” -ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിലും സമാനമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും, സംസ്ഥാന തെരഞ്ഞെടുപ്പുകമീഷണറെ മുഖ്യമന്ത്രിയോ ഭരണകൂടമോ നേരിട്ട് നിയമിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വസ്തുതകൾ ഇങ്ങനെയെല്ലാമാണെങ്കിലും, ജഗൻ മോഹൻ റെഡ്ഡിയുടെ ഈ മലക്കംമറിച്ചിലിന് പിന്നിൽ നിർണ്ണായകമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻ.ഡി.എ മുന്നണിയുടെ ഭാഗമല്ലെങ്കിലും പാർലമെന്റിൽ ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകളെടുത്തിരുന്ന വൈ.എസ്.ആർ.സി.പി, നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യാ’ മുന്നണിയുമായി അടുത്തുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിവിധ യുവജന-വിദ്യാർഥി സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾക്ക് ജഗൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2024-ലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലേറ്റ വലിയ തിരിച്ചടിക്കും, പ്രധാന എതിരാളിയായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എൻ.ഡി.എ സഖ്യത്തിൽ ഉറച്ചുനിൽക്കുന്നതിനും പിന്നാലെ ആന്ധ്രാരാഷ്ട്രീയത്തിൽ നേരിടുന്ന ഒറ്റപ്പെടലിൽ നിന്ന് കരകയറാൻ ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപീകരിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി ജഗൻ കോൺഗ്രസ് ഉന്നത നേതൃത്വത്തെ കണ്ടതായും, ബംഗളൂരുവിൽവെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിൽ അദ്ദേഹത്തിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസും ഇ.ഡി (ED) വിചാരണ നടപടികളും കോടതിയുടെ പരിഗണനയിലുള്ളതും രാഷ്ട്രീയമായി വെല്ലുവിളിയാകുന്നുണ്ട്. പിതാവും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണശേഷം കോൺഗ്രസ് വിട്ട് വൈ.എസ്.ആർ.സി.പി രൂപീകരിച്ച ജഗൻ മോഹൻ റെഡ്ഡി, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിലപാടുകളിൽ മാറ്റം വരുത്തുന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles