മദീന: കണ്ണൂർ ഇരിട്ടി സ്വദേശിയും മദീനയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായ ജലീൽ ഇരിട്ടി മദീനയിൽ നിര്യാതനായി. താമസസ്ഥലത്ത് വെച്ച് മസ്തിഷ്കാഘാതം (സ്ട്രോക്ക്) സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മദീന കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. ദീർഘകാലമായി മദീനയിൽ ജോലി ചെയ്തുവന്നിരുന്ന അദ്ദേഹം ഐ.സി.എഫ് മദീന റീജിയൺ ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
മദീനയിലെത്തുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികൾക്കും ഉംറ, ഹജ്ജ് തീർത്ഥാടകർക്കും ആശ്വാസമേകുന്ന വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഹജ്ജ് വളണ്ടിയർ കോർ (HVC) പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജലീലും കുടുംബവും മദീനയിലെ ‘ഹാദിയ’ സേവന സംവിധാനം കെട്ടിപ്പടുക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിരുന്നതായി ഐ.സി.എഫ് ഭാരവാഹികൾ അനുസ്മരിച്ചു.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി മദീനയിൽ താമസിച്ചുവരുന്ന ജലീലിന്റെ കുടുംബവും നിലവിൽ മദീനയിലുണ്ട്. പിതാവ്: കുഞ്ഞാമു, മാതാവ്: നബീസ, ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ, മുസ്തഫ, അബ്ദുല്ല, മിസ്ഹബ്. മദീന ഐ.സി.എഫ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ മരണാനന്തര ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും, മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്നും ബന്ധുക്കളും സഹപ്രവർത്തകരും അറിയിച്ചു.



