ജിദ്ദ: അറേബ്യൻ മണലാരണ്യത്തിൽ പ്രവാസി മലയാളികൾക്ക് കാരുണ്യത്തിന്റെ തണലായി മാറിയ കെ.എം.സി.സിയുടെ പ്രവർത്തന വ്യാപ്തിയും സന്ദേശവും പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സ്റ്റുഡന്റ്സ് വിങ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിലെ മലപ്പുറം ജില്ലാ കെ.എം.സി.സി ഓഫീസിൽ സ്റ്റുഡന്റ്സ് വിങ്ങിന്റെ പ്രത്യേക ഭാരവാഹി സംഗമം സംഘടിപ്പിച്ചു. സ്റ്റുഡന്റ്സ് വിങ് പ്രസിഡന്റ് അസീം നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. നാം ചെയ്യുന്ന ഓരോ പ്രവർത്തനവും സ്വന്തം സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും ഉയർത്തിപ്പിടിക്കുന്നതാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ വിദ്യാർത്ഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകി. കേവലമൊരു സംഘടന എന്നതിലുപരി കെ.എം.സി.സി വലിയൊരു വികാരമാണെന്ന് അദ്ദേഹം പറഞ്ഞു. പഠനം എന്നത് ഉയർന്ന മാർക്ക് നേടാൻ മാത്രമുള്ളതല്ലെന്നും, നല്ല മനുഷ്യനായി വളരാൻ കൂടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ജിദ്ദയിലുള്ള ഓരോ മലയാളി വിദ്യാർത്ഥിയും നാളെ ലോകത്തിന്റെ വിവിധ കോണുകളിലെത്തുമ്പോൾ മറ്റുള്ളവർക്ക് താങ്ങായി നിൽക്കാനും കൈത്താങ്ങാകാനും കഴിയണമെന്നും, അതാണ് കെ.എം.സി.സി തലമുറകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സിയുടെ ചരിത്രവും ജീവകാരുണ്യ പ്രവർത്തനങ്ങളും മനസ്സിലാക്കി സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വനിതാ വിങ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുടെ ശാക്തീകരണത്തിൽ സ്റ്റുഡന്റ്സ് വിങ്ങിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ്സ് വിങ് ജനറൽ സെക്രട്ടറി മുഹമ്മദ് റഹീസ് പുലിക്കപ്പറമ്പിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ നന്ദിയും പറഞ്ഞു. ഹാഷിദ് റിദാൻ ടി.കെ, ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ സി.പി, സൽഫ റോഷ്നി, നൗറിൻ തുവ്വൂർ, മുഹമ്മദ് ഷെസിൻ, ഷാസിയ, മുഹമ്മദ് ഇഷാൻ തുടങ്ങിയവർ സംസാരിച്ചു. ജിദ്ദയിലെ മുഴുവൻ വിദ്യാർത്ഥികളിലേക്കും കെ.എം.സി.സിയുടെ ജീവകാരുണ്യ സന്ദേശമെത്തിക്കുക, വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വർണ്ണാഭമായ കിഡ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്നീ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടാണ് യോഗം സമാപിച്ചത്.



