റിയാദ്: രാജ്യത്തിനെതിരെ നടന്ന ഹൂതി ആക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയോടുള്ള സ്നേഹവും ഭരണ നേതൃത്വത്തോടും സൈന്യത്തോടുമുള്ള പിന്തുണയും പരസ്യമാക്കി സൗദി പൗരന്മാരും വിദേശികളായ താമസക്കാരും. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൗദി പതാകയും ദേശീയ ചിഹ്നങ്ങളും പങ്കുവെച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് സമാധാനവും ഐക്യദാർഢ്യവും ആഹ്വാനം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദി സായുധ സേനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഹാഷ്ടാഗുകൾ ഇതിനോടകം ട്രെൻഡിംഗായി മാറിയിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് സൗദി ഇൻഫ്ലുവൻസറായ ഖാലിദ് ബിൻ അബ്ദുല്ല കുറിച്ചു. സൗദിയിലെ മലയാളി താമസക്കാരനായ മുജീബ് റഹ്മാൻ ഉൾപ്പെടെയുള്ള വിദേശികളും രാജ്യം ‘ഒരൊറ്റ ഹൃദയവും ഒരൊറ്റ രാഷ്ട്രവുമാണെന്ന്’ വ്യക്തമാക്കി ഭരണനേതൃത്വത്തിന് പിന്തുണയറിയിച്ചു. അതേസമയം, മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ ഭിന്നതകൾ സൃഷ്ടിക്കാനുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും, ഗൾഫ് മേഖലയിലെ സമാധാനവും പരസ്പര സഹകരണവും നിലനിർത്താൻ ഏവരും ജാഗ്രത പാലിക്കണമെന്നും പ്രമുഖ സൗദി എഴുത്തുകാരനും വ്യവസായിയുമായ അബ്ദുൽറഹ്മാൻ ബിൻ മൂസാഇദ് അൽ സഊദ് ആഹ്വാനം ചെയ്തു.



