ടെൽ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറന്ന യാത്രാവിമാനം ബോംബ് ഭീഷണിയെ തുടർന്ന് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഓസ്ട്രിയൻ എയർലൈൻസിന്റെ ഒ.എസ് 82 (OS82) എയർബസ് എ 320 വിമാനമാണ് അപകടസാധ്യത കണക്കിലെടുത്ത് തിരിച്ചുവിട്ടത്. വിമാനം റുമാനിയൻ അതിർത്തിക്ക് സമീപം പറക്കുമ്പോഴാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ബൾഗേറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വ്യോമസേനയുടെ മിഗ്-29 (MiG-29) യുദ്ധവിമാനങ്ങൾ വിമാനത്തിന് അകമ്പടി സേവിച്ച് സോഫിയയിലെ വാസിൽ ലെവ്സ്കി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
ആറ് ജീവനക്കാരും 51 യാത്രക്കാരുമടക്കം 57 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എയർലൈൻസ് അധികൃതരും സുരക്ഷാ സേനയും വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി. പരിശോധന പൂർത്തിയായ ശേഷം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുന്നതിനായി പകരം വിമാനം ഏർപ്പെടുത്തുമെന്നും സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായും ബൾഗേറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.46-ന് തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 9.43-ഓടെയാണ് അടിയന്തരമായി ബൾഗേറിയയിൽ ഇറക്കിയത്.
അതിനിടെ, അന്താരാഷ്ട്ര വ്യോമപാതയിൽ അടുത്തകാലത്തുണ്ടായ മറ്റൊരു സംഭവത്തിൽ, ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. കോക്ക്പിറ്റിനുള്ളിലെ അടിയന്തരാവശ്യത്തിനുള്ള കോടാലി ഉപയോഗിച്ചാണ് സഹപൈലറ്റ് ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറെ ആക്രമിച്ചത്. ആക്രമണത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചെങ്കിലും മറ്റ് ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ നിയന്ത്രണം വീണ്ടെടുക്കുകയും സൗദി അറേബ്യയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.



