വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യ വിമാനം ജനവാസ മേഖലയിലേക്ക് തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് ബഹമാസിലെ നോർത്ത് എലുത്തെര എയർപോർട്ടിലേക്ക് പറക്കുകയായിരുന്ന ‘ലിയർജെറ്റ് 60’ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിൽ ഇന്നലെ ഉച്ചയ്ക്ക് 12:50-ഓടെയായിരുന്നു ദുരന്തം. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടതായി യു.എസ് ഗതാഗത സെക്രട്ടറി സ്ഥിരീകരിച്ചു.
യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജനവാസ കേന്ദ്രത്തിന് സമീപമുള്ള റോഡിലേക്ക് മൂക്കുകുത്തി വീണ് കൂറ്റൻ തീഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നും വിമാനം അതിവേഗം താഴേക്ക് പതിക്കുന്നുവെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് സന്ദേശം നൽകിയിരുന്നു. അപകടത്തിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും മേഖലയിലെ വൈദ്യുതി ബന്ധം ത തടസ്സപ്പെടുകയും ചെയ്തു.
ശക്തമായ മഞ്ഞുവീഴ്ചയും വായുവിൽ രൂപപ്പെട്ട ഐസിങ് പ്രതിഭാസവും ചുഴലിക്കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് പാം ബീച്ച് കൗണ്ടിയിലെ പ്രധാന പാതകൾ പൊലീസ് പൂർണ്ണമായും അടച്ചു.



