ന്യൂഡൽഹി: ബി.ജെ.പി പ്രാദേശിക വ്യാപാരികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന കടുത്ത ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ (INDIA) മുന്നണിയുടെ ‘ചലോ ഡൽഹി’ മാർച്ചിന്റെയും റാംലീല മൈതാനിയിലെ കൂറ്റൻ റാലിയുടെയും പശ്ചാത്തലത്തിൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ (Connaught Place) കടകൾ ബി.ജെ.പി നിർബന്ധപൂർവ്വം അടപ്പിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തുന്ന പ്രവർത്തകരോടും പൊതുജനങ്ങളോടും പ്രാദേശിക കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങി അവരെ പിന്തുണയ്ക്കണമെന്ന് താൻ അഭ്യർത്ഥിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
മാർച്ചിനും റാലിക്കുമായി ഡൽഹിയിലെത്തുമ്പോൾ കൊണാട്ട് പ്ലേസിലെ കടകളിൽ കയറി സാധനങ്ങൾ വാങ്ങണമെന്നും പ്രാദേശിക വ്യാപാരികളെ സഹായിക്കണമെന്നും എല്ലാവരോടും പറഞ്ഞിരുന്നതായി രാഹുൽ ഗാന്ധി സമൂഹമാധ്യമമായ ‘എക്സിൽ’ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. എന്നാൽ കൊണാട്ട് പ്ലേസിൽ എത്തിയപ്പോൾ ബി.ജെ.പി ഭീഷണിപ്പെടുത്തി എല്ലാ കടകളും അടപ്പിച്ച വിവരമാണ് അറിയാൻ സാധിച്ചതെന്നും, വ്യാപാരികൾക്ക് യഥാർത്ഥത്തിൽ ആരാണ് നഷ്ടമുണ്ടാക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷ വേളകളിൽ ചെറുകിട കച്ചവടക്കാരെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരവും രാഹുൽ ഗാന്ധി വീഡിയോളിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നടപടിയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.



