ചർച്ചയ്ക്ക് മുൻപ് ഏഴ് ഉപാധികൾ; ഖത്തർ വഴി അമേരിക്കയ്ക്ക് ഇറാനിന്റെ ആണവ നിർദ്ദേശം

ദുബൈ: ഖത്തർ മധ്യസ്ഥതയിൽ അമേരിക്കയ്ക്ക് പുതിയ ആണവ നിർദ്ദേശം കൈമാറിയതായി ഇറാൻ വെളിപ്പെടുത്തി. എന്നാൽ വാഷിംഗ്‌ടൺ തങ്ങളുടെ ഏഴ് പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനു ശേഷം മാത്രമേ നിർദ്ദേശങ്ങളിൽ ചർച്ചകൾ ആരംഭിക്കൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തർ നൽകിയ നിർദ്ദേശം യു.എസ് പരിശോധിച്ചു വരികയാണെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇറാൻ അധികൃതർ തയ്യാറായില്ല. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm Elections) ശേഷം സൈനിക നടപടികൾ വീണ്ടും ശക്തമായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ ശ്രമം ശക്തമാക്കിയിട്ടുണ്ട്.

അമേരിക്ക ഏഴ് ഉപാധികൾ നടപ്പിലാക്കാത്തിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കുകയോ ചർച്ചകൾ നടത്തുകയോ ചെയ്യില്ലെന്ന് റഷ്യ സന്ദർശനത്തിനിടെ ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി വ്യക്തമാക്കി. യു.എസ് ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ പ്രാഥമിക ചർച്ചകളിൽ ആണവ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വാഷിംഗ്‌ടണിന്റെ നിലപാട്. ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെയും യു.എസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാനും തിരിച്ചടി നൽകിയിരുന്നു. തുടര്‍ന്ന് ലെബനനിലും അടുത്തിടെ യെമനിലേക്കും പടർന്ന സംഘർഷം മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles