റിയാദ്: സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന സ്മാർട്ട് സിറ്റി എക്സ്പോ വേൾഡ് കോൺഗ്രസ് 2026-ൽ ലോകത്തിലെ ഏറ്റവും മികച്ച നാല് ആഗോള ഗതാഗത പദ്ധതികളിലൊന്നായി റിയാദ് മെട്രോ തിരഞ്ഞെടുക്കപ്പെട്ടു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ (RCRC) മേൽനോട്ടത്തിൽ പൂർത്തിയാക്കിയ ഈ പദ്ധതി, 68 രാജ്യങ്ങളിൽ നിന്നുള്ള 533 പ്രൊജക്റ്റുകളോട് മത്സരിച്ചാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സുസ്ഥിരവും ആധുനികവുമായ നഗര ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ മുന്നേറ്റം തെളിയിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണിത്.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ പൊതുഗതാഗത ശൃംഖലകളിലൊന്നായ റിയാദ് മെട്രോയുടെ സാങ്കേതിക മികവിനും വൻകിട നിർമ്മാണ വ്യാപ്തിക്കുമാണ് അംഗീകാരം ലഭിച്ചത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, റിയാദിന്റെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയ്ക്ക് അനുയോജ്യമായ യാത്രാസൗകര്യം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. കോൺഗ്രസിൽ റിയാദ് സിറ്റി ഡാറ്റാ പ്ലാറ്റ്ഫോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യകൾ എന്നിവ നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണത്തിലും ഗ്രീൻ റിയാദ് പദ്ധതിയിലും എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും ആർ.സി.ആർ.സി പാനൽ വ്യക്തമാക്കി.



