‘ഭീകര സംഘടന’ മുദ്ര; ഫ്ലോറിഡയിൽ മുസ്ലീം മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തനം നിർത്തിവെച്ചു

വാഷിംഗ്‌ടൺ: ഫ്ലോറിഡയിൽ മുസ്ലീം സിവില്‍ റൈറ്റ്സ് പ്രസ്ഥാനമായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (CAIR) തങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് നടപ്പിലാക്കിയ പുതിയ നിയമപ്രകാരം സംഘടനകളെ ‘ഭീകര സംഘടനകളായി’ മുദ്രകുത്താൻ സംസ്ഥാന അധികാരികൾക്ക് അധികാരം നൽകിയതിനെ തുടർന്നാണ് ഈ നീക്കം. ‘ആഭ്യന്തര ഭീകര സംഘടന’ എന്ന വിശേഷണത്തിനെതിരെ സമർപ്പിച്ച ഹർജി ഫെഡറൽ കോടതി തള്ളിയതോടെ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കാൻ കെയർ നിർബന്ധിതരാകുകയായിരുന്നു. ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയാണിതെന്നും സംഘടന വ്യക്തമാക്കി.

കെയറിന്റെ ഹർജി തള്ളിയ വിധിയിൽ, ഫ്ലോറിഡയുടെ നിയമം അഭൂതപൂർവ്വമായ ഒന്നാണെങ്കിലും ഇത് കുറ്റകൃത്യത്തിനുള്ള ശിക്ഷയായി തൽക്കാലം വിലയിരുത്താനാവില്ലെന്നാണ് ഫെഡറൽ ജഡ്ജി ചൂണ്ടിക്കാട്ടിയത്. അതേസമയം, മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ഫ്ലോറിഡയിൽ നടക്കുന്ന നടപടികൾ സ്വതന്ത്ര പ്രസംഗത്തിനും മനുഷ്യാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്ന് പി.ഇ.എൻ അമേരിക്കയും എ.സി.എൽ.യുവും അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് ഭരണകൂടവും റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളും പലസ്തീൻ അനുകൂല പ്രതിഷേധാത്മക ഗ്രൂപ്പുകളെ അടിച്ചമർത്തുന്ന നയം തുടരുന്നതിനിടെയാണ് ഫ്ലോറിഡയിലെ ഈ വിവാദ വിധി ഉണ്ടായിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles